02:27am 07 July 2026
NEWS
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയെ പൂട്ടാൻ സംസ്ഥാന സർക്കാർ; എം.എസ്.സിക്ക് ‘കുത്തക’ അനുവദിക്കില്ല
06/07/2026  07:33 AM IST
സുരേഷ് വണ്ടന്നൂർ
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയെ പൂട്ടാൻ സംസ്ഥാന സർക്കാർ; എം.എസ്.സിക്ക് ‘കുത്തക’ അനുവദിക്കില്ല

​തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ കപ്പൽ ചാലായ എം.എസ്.സിക്ക്  വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് കടുത്ത നിബന്ധനകളോടെ തടയിടാൻ സംസ്ഥാന സർക്കാർ. ഓഹരി കൈമാറ്റം പൂർണ്ണമായി തടയുന്നതിന് പകരം, തുറമുഖത്തിൽ എം.എസ്.സിക്ക് യാതൊരുവിധ കുത്തക അവകാശവും ഉണ്ടാകില്ലെന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ അനുബന്ധ കരാർ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.
​ഒരു കപ്പൽ കമ്പനിക്ക് മാത്രമായി കുത്തകാവകാശം നൽകിയാൽ മറ്റ് പ്രമുഖ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്തെ ഉപേക്ഷിക്കുമെന്നും ഇത് തുറമുഖത്തിന്റെ ഭാവിയെ ബാധിക്കുമെന്നുമുള്ള ആശങ്കയെത്തുടർന്നാണ് ഈ നീക്കം.
​ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന
​ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയിൽ സർക്കാർ അതീവ ജാഗ്രതയോടെയാണ് തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയോട് സർക്കാർ ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ അനുബന്ധ കരാറിന് രൂപം നൽകുക. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ മൂലക്കരാറിൽ 2024-ൽ പിണറായി സർക്കാർ അനുബന്ധ കരാർ ഉണ്ടാക്കിയ മാതൃകയിലാണ് ഇപ്പോഴത്തെ നീക്കവും.
​രാഷ്ട്രീയ പോര് മുറുകുന്നു: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
​വിഴിഞ്ഞം ഓഹരി ഇടപാട് കേരള രാഷ്ട്രീയത്തിൽ വലിയ പുകിലിന് കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷമായ എൽ.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ വിഷയത്തിൽ സെബിക്ക് (SEBI) കത്തയച്ചതോടെ പോരാട്ടം നിയമവഴിയിലേക്കും നീങ്ങി.
​"അദാനി ഗ്രൂപ്പുമായും എം.എസ്.സിയുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഡീലുണ്ടാക്കി. കൃത്യമായ അജൻഡയോടെ മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണം."
— എം.വി. ഗോവിന്ദൻ (സി.പി.എം സംസ്ഥാന സെക്രട്ടറി)
​വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡി സ്ഥാനത്തുനിന്നും ദിവ്യ എസ്. അയ്യരെ പെട്ടെന്ന് മാറ്റിയതും ഈ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിച്ചാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പല തീരുമാനങ്ങൾക്കും ദിവ്യ എസ്. അയ്യർ തടസ്സം നിന്നതുകൊണ്ടാണ് അവരെ മാറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഓഹരി കൈമാറ്റത്തിൽ സുതാര്യത ഉറപ്പാക്കുമെന്നാണ് സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img